Followers

Tuesday 17 August 2010

ഓണം ..മിനിക്കഥ ...










"ആ‍ കാറ്ററിംഗ്ങ്ങുകാര്‍ ഇത് വരെ വന്നില്ല ..
"ഇനിയിപ്പോ എന്താ ചെയ്യാ ..
ഞാനാണെങ്കില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല ..

ഓണ സദ്യയല്ലേ ..അവര്‍ക്കൊരു പാട് സ്ഥലത്ത് കൊടുക്കാനുണ്ടാവും ..
നീയൊന്നു കൂടി വിളിച്ചു നോക്ക്..അഡ്രസ്സ് ശരിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ ..
"മോളെ ആ‍ പൂക്കളൊന്നും നശിപ്പിക്കണ്ടാ" കഴുകി വെച്ചാല്‍ അടുത്ത ഓണത്തിനു ഉപയോഗിക്കാം ..

"അച്ഛാ ഈ ഓണക്കളി കണ്ടു മടുത്തു..ആ‍ ചാനലോന്നു മാറ്റൂന്നെ ..
ഹിന്ദി ഫിലിം ഉണ്ട് "കഹോനാ പ്യാര്‍ ഹെ"

"അല്ല നിങ്ങള് കുളിക്കുന്നില്ലേ "
കസവ് മുണ്ടും ജുബ്ബയും തേച്ചു വെച്ചിട്ടുണ്ട് ..

അയാള്‍ ബാറ്റ് റൂമില്‍ കടന്നു വാതിലടച്ചു .
ബാത്ത്‌ട്ടബ്ബിലെ വെള്ളത്തിലെക്കൊരു മുങ്ങാംകുഴിയിട്ടു ..

കുളിച്ചു കയറിയപ്പോള്‍ അങ്ങ് പുഴക്കരയില്‍ കൂട്ടുകാരെല്ലാവരും
ആര്‍പ്പു വിളിക്കുന്നു..
അയാളും നീട്ടി വിളിച്ചു ..
ആറാപ്പൂയ്‌ ..പൂയ്‌ പൂയ്‌ ..

ഗോപി വെട്ടിക്കാട്ട്

Wednesday 11 August 2010

മീര...മിനിക്കഥ .







"ആ‍ കാണുന്ന പാടത്തിന്‍റെ അക്കരെയാണ് മീര യുടെ വീട്..
നടക്കാവുന്ന ദൂരമേയുള്ളൂ..
നമുക്ക് നടക്കാം .."
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പാട വരമ്പത്തെ ചോറപുല്ലുകള്‍ വകഞ്ഞ് മാറ്റി
അവളുടെ വീട്ടു വളപ്പിലേക്ക് കയറുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ അവളുടെ കവിതകളായിരുന്നു ..
ഈ പുല്‍ക്കൊടികള്‍ക്ക് പോലും അവളെ അറിയുമായിരിക്കും..

"അജി നമ്മള്‍ ചെല്ലുന്നത് അവര്‍ക്ക് ഇഷ്ട്ടപ്പെടാതെ വരുമോ."
ഹേയ് ഒരിക്കലുമില്ല..അവള്‍ ക്കതൊരു ആശ്വാസമാവും...താങ്കളെ അത്രക്കും അവള്‍ ആരാധിച്ചിരുന്നു..
താങ്കളെപ്പറ്റി അവളൊരുപാട് പറഞ്ഞിട്ടുണ്ട്..സംസാരിക്കാനും അനങ്ങാനും കഴിയില്ലെങ്കിലും അവള്‍ക്കെല്ലാം ഓര്‍മയുണ്ട്...

"അമ്മെ ദാ ആരൊക്കെയോ വരുന്നു" ഉമ്മറത്ത്‌ പഠിച്ചു കൊണ്ടിരുന്ന കുട്ടി വിളിച്ചു പറഞ്ഞു ..
അത് അവളുടെ ഇളയവളാണ് ..പത്താം ക്ലാസില്‍ പഠിക്കുന്നു..
അകത്തു നിന്നു വന്നത് മീരയുടെ അമ്മയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ..
'ഇത് എന്‍റെ സുഹൃത്ത് സുനില്‍ ...മീരയെ ഒന്ന് കാണാന്‍ വന്നതാണ് ...
"വരൂ" അവര്‍ അകത്തേക്ക് ക്ഷണിച്ചു..

ഇരുളടഞ്ഞ കുടുസ്സു മുറിയില്‍ കട്ടിലില്‍ ചുരുണ്ടു കൂടി കിടക്കുന്നൊരു രൂപം ..
മീര ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കൂ ..
അവള്‍ മെല്ലെ കണ്ണ് മിഴിച്ചു..അയാളെത്തന്നെ കുറച്ചു നേരം സൂക്ഷിച്ച് നോക്കി ..
ആ‍ കണ്ണുകള്‍ നിറഞ്ഞൊഴുകി..അവളുടെ ചുണ്ടുകള്‍ എന്തൊക്കെയോ മന്ത്രിച്ചു ...
അയാള്‍ അവളുടെ തണുത്തു മരവിച്ച കൈകളിലെ അക്ഷരങ്ങള്‍ ഉറങ്ങിക്കിടക്കുന്ന വിരലുകള്‍ തലോടി..
അയാള്‍ക്ക്‌ പിടിച്ചു നില്‍ക്കാനായില്ല ..നമുക്ക് പോകാം ..അയാള്‍ പുറത്ത് കടന്നു ..

ലാപ്‌ ടോപ്പില്‍, ഓര്‍കുട്ടിലെ മീരയുടെ പ്രൊഫൈലില്‍ മീരാ ജാസ്മിന്‍റെ ചിരിക്കുന്ന ചിത്രം...
പ്രണയം നിറഞ്ഞൊഴുകുന്ന വരികള്‍...

ഗോപി വെട്ടിക്കാട്ട്

Tuesday 10 August 2010

സ്വകാര്യം..മിനിക്കഥ










വടക്കേ മതില്‍ പൊക്കി കെട്ടിയെ തീരൂ ..
എനിക്ക് വയ്യ എന്നും അവളുടെ തിരു മോന്ത കാണാന്‍..
ഒരു മുടിഞ്ഞ ശ്രിങ്കാരം.
പാടത്തെക്കുള്ള ഗേറ്റ് എടുത്ത്‌ മാറ്റി അവിടെ അടക്കണം..
പിള്ളേര് നമ്മുടെ പറമ്പിലൂടെയാണ് കളിക്കാനായി പാടത്തെ ക്കിറങ്ങുന്നത് .
ഒച്ചയും ബഹളവും ..വല്ലാത്ത ശല്യം ..
മുന്‍ വശത്തെ ഗേറ്റിന്റെ വിടവ് അടക്കണം .. പുതിയൊരു പൂട്ട് ഇടണം
ഭിക്ഷക്കാരെകൊണ്ട് തോറ്റു ..
പിന്നെ
ആ‍ വിടവിലൂടെയാണ് പട്ടിയും പൂച്ചയും കോഴിയുമെല്ലാം പറമ്പിലേക്ക് കടക്കുന്നത്‌ ..

'ഓഹോ" ചുരുക്കി പറഞ്ഞാല്‍ വായുവല്ലാതെ മറ്റൊന്നും കടക്കരുതെന്ന് സാരം..
'അതെ"
"അപ്പോള്‍ നമ്മള്‍ ഒറ്റപ്പെട്ടു പോവില്ലേ ..."

അതിനെന്താ ചേട്ടന് ഞാനും ..എനിക്ക് ചേട്ടനുമില്ലെ..

ഗോപി വെട്ടിക്കാട്ട്