Followers

Saturday, 26 June 2010

എഴുത്തുകാരന്‍...മിനിക്കഥ


അയാള്‍ ഒരെഴുത്തുകാരനായിരുന്നു...
പത്ര ,മാസികകളില്‍ അയാളുടെ രചനകള്‍വേറിട്ട്‌ നിന്നു ..
ചുറ്റും ആരാധകര്‍ ,അഭിനന്ദനങള്‍ ..
കയ്യിലുള്ളതെല്ലാം എഴുതി തീര്‍ന്നപ്പോള്‍ ,
ആളുകള്‍ ശ്രദ്ധിക്കാതായപ്പോള്‍ അയാള്‍ക്ക്‌ ഇരിക്കപൊറുതി ഇല്ലാതായി..
എഴുത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അയാള്‍ ഇറങ്ങി..
കറങ്ങി കറങ്ങി എത്തിപ്പെട്ടത് നഗരത്തിലെ പ്രസിദ്ധമായ തെരുവിലായിരുന്നു..
വേശ്യകളും മദ്യവും ,മയക്കു മരുന്നും, തെരുവ് ഗുണ്ടകളും ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു തെരുവ്..

അനുഭവങ്ങളില്‍ നിന്നാണ് ക്ലാസിക്കുകള്‍ ഉണ്ടാകുന്നത്..
എന്ന അറിവില്‍ അയാള്‍ അവളുമായി അനുഭവങ്ങള്‍ പങ്ങ്ങു വെച്ചു..
ഭൂതവും കഴിഞ്ഞു വര്‍ത്തമാനത്തില്‍ എത്തിയപ്പോള്‍.
അനുഭവങ്ങളുടെ പ്രചോദനത്തില്‍ അയാള്‍ പുതിയൊരു എഴ്ത്തുകാരനായി..
അവളുടെ പറ്റ് വരവുകളുടെ കണക്കെഴുത്ത്..

ഭാവിയില്‍ അയാള്‍ തെരുവിലെ ഏറ്റവും നല്ല കണക്കെഴുത്ത്കാരനായെക്കാം...


ഗോപി വെട്ടിക്കാട്ട്

'ദേശാടനക്കിളി" ..കഥ

"സന്യാസി അമ്മാമന്‍ വരുന്നുണ്ട്.."
അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു..
"വന്നോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളൂമുത്തശ്ശിയാണ്.. അകത്തു പിറുപിറുക്കല്‍ തുടങ്ങിവെച്ചത്
"ആണ്ടിലൊരിക്കല്‍ മാവേലി വരുന്ന പോലെ വന്നോളും.."
ഇനി മാമന്‍ പോകുന്ന വരെ മുത്തശ്ശി എങ്ങനെയോരോന്നുപറഞ്ഞ്‌ കൊണ്ടേയിരിക്കും ..
'ദേശാടനക്കിളി എത്തിയല്ലോ"
"നാശം എന്തിനാണാവോ ഇപ്പോള്‍ ഇങ്ങോട്ടെഴുന്നുള്ളിയത്"
ഇത് അമ്മയായിരിക്കും അമ്മ മാമനിട്ട പേരാണ് ദേശാടനക്കിളി...
അമ്മക്ക് കൂട്ടായി ഇളയമ്മമാരും..അവര്‍ക്കെല്ലാം പഴയ കഥകള്‍ പറഞ്ഞു ചിരിക്കാനും
കുഞ്ഞമ്മായിയെ കുത്തി നോവിക്കാനും
ഒരു രസമാണ്..
'ദേ വിഭവങ്ങളൊക്കെ ഉണ്ടാക്കിക്കോ ..സംബന്ധക്കാരന്‍ വരുന്നുണ്ട്.."
മുത്തശ്ശി ഉമ്മറത്തെ തിണ്ണയിലിരുന്നു അകത്തേക്ക് നീട്ടിവിളിച്ചു പറഞ്ഞു..
എല്ലാം കേട്ട് ഒന്നും കേട്ടില്ലെന്ന ഭാവത്തില്‍ കുഞ്ഞമ്മായി
അടുക്കളയില്‍ തന്‍റെ ജോലി നോക്കി കൊണ്ടിരുന്നു...
ശിലയായ്‌ മാറിയ അവര്‍ക്ക് ഇപ്പോള്‍ ഇതൊന്നും കേട്ട് നോവാറില്ല...

അമ്മാമന്‍ പൂമുഖ ത്തെത്തി ഒന്ന് ശങ്കിച്ചു നിന്നു..
കയറണോ വേണ്ടയോ എന്ന സംശയത്തില്‍..
കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്‌..അവര്‍ക്ക് അമ്മാമനെ വല്യ ഇഷ്ടാണ് ...
വീര്‍ത്തിരിക്കുന്ന ഭാണ്ടത്തില്‍ എന്തെങ്കിലുമൊക്കെ
കാണും..അതിലാണവരുടെ നോട്ടം..
"അമ്മെ ഒരു കിണ്ടി വെള്ളം"
"ദേ മാമന്‍ വന്നിരിക്കുന്നു..."
കാലു കഴുകാതെ മാമന്‍ ഒരിക്കലും അകത്തു കേരാറില്ല..
"വരൂ"
കാലു കഴുകി പൂമുഖത്തെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ മാമന്‍ ഒന്ന് ചിരിച്ചു..
തീരെ അവശനായിരിക്കുന്നു ..
ജട പിടിച്ച തലമുടി മണ്ണ് പിടിച്ചു ചെമ്പിന്‍റെ നിരമായിരിക്കുന്നു..
"കുടിക്കാനെന്താ വേണ്ടത്"
ഒന്നും വേണ്ടാ എന്ന് ആംഗ്യം കട്ടി..
സംസാരിക്കാന്‍ ആവില്ലെങ്കിലും നമ്മള്‍ പറയുയ്ന്നതെല്ലാം മനസ്സിലാവും..
മുത്തശ്ശന് മാമന്‍റെ ഓരോ ആന്ഗ്യ ഭാഷ നന്നായറിയാമായിരുന്നു ...
ഭാണ്ഡം അഴിച്ചു ഓരോ പിടി കല്‍കണ്ടവും ഉണങ്ങിയ മുന്തിരിയും കുട്ടികള്‍ക്ക് വാരിക്കൊടുത്തു..
ഒരു പിടി മുത്തശ്ശിക്ക് കൊടുക്കാന്‍ ആംഗ്യം കാട്ടി..
മുത്തശ്ശി ഇതൊന്നും ശ്രദ്ധിക്കാതെ തന്‍റെ മുറുക്കാന്‍
ചെല്ലവും തുറുന്നു മുറുക്കാനിരുന്നു..
"..ഇതാ മുത്തശ്ശി" മുത്തശ്ശി തലവെട്ടിച്ചു എഴുന്നേറ്റുപോയി..
ഉമ്മറത്തെ വാതിലിനു പിന്നില്‍ കാല്‍ പ്പെരുമാറ്റം കേട്ടപ്പോഴാണ് നോക്കിയത് .
കാണാതെ തന്നെ മനസ്സിലായി..കുഞ്ഞമ്മായി ആയിരിക്കുമെന്ന്..
വാതില്‍ പഴുതിലൂടെ അമ്മാമനെ നോക്കി നില്‍ക്കുന്നതു എത്രെയോ തവണ കണ്ടിരിക്കുന്നു..
ഇനി അമ്മായി എപ്പോഴും അവിടെ തന്നെ ഉണ്ടായിരിക്കും..
മാമനും അങ്ങോട്ട്‌ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു..
കടലാസും പേനയും വേണമെന്ന് ആംഗ്യം കാട്ടി..പതിവുള്ളതാണ്..പറയാനുള്ളത് മുഴുവന്‍ എഴുതും..
എഴ്തുംപോള്‍ അമ്മാമന്റെ കൈയ്യിലെ തള്ള വിരലില്‍ ഉള്ള ചെറിയ ആറാമത്തെ വിരല്‍ ആടും..
"അച്ഛനെവിടെ.."
"പുറത്തു പോയതാണ്..വരാന്‍ വൈകും.."
'എന്നാല്‍ ഞാന്‍ പോട്ടെ" ഒന്ന് രണ്ടു സ്ഥലത്ത് കൂടി പോണം.."
അമ്മാമ രണ്ടു ദിവസം കഴിഞ്ഞിട്ട് പോയാല്‍ മതി..അച്ഛന്‍ രാത്രി വരും..
"അത് ശരിയാവില്ല..പോകണം..അച്ഛനോട് പറഞ്ഞാല്‍ മതി..
ഭാണ്ടത്തില്‍ നിന്നു ഒരു ചെറിയ പൊതി എടുത്തു .നീട്ടി..അകത്തേക്ക് കൊടുക്കാന്‍
അമ്മായിയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ തുറന്നു നോക്കി..സ്വര്‍ണ്ണ മോതിരം..കുട്ടിക്കാലത്ത് അമ്മാമന്റെ വിരലില്‍കണ്ട ഓര്മ..
അമ്മായി അത് വാങ്ങി..അവിടെത്തന്നെ നിന്നു..

ഒരു ശംഖു എടുത്തു തന്നിട്ട് ഊതാന്‍ പറഞ്ഞു.
ശബ്ദം ഒട്ടും വരാഞ്ഞപ്പോള്‍ അമ്മാമന്‍ തന്നെ വാങ്ങി ഊതി..എന്തൊരു മുഴക്കം..
"ഇത് രാമേശ്വരത്തു നിന്നു കിട്ടിയതാണ് നീയെടുത്തോ ..അമ്മാമന്‍ എഴുന്നേറ്റു ..നടന്നുപോകുമ്പൊള്‍
കൈ വീശി കാട്ടി..ഇനിയെപ്പോഴെങ്കിലും വരാം...
വാതില്‍ക്കല്‍ കുഞ്ഞമ്മായി നിന്ന് വിതുമ്പി..പെയ്യാന്‍ കൊതിക്കുന്ന മേഘം പോലെ,,,
"ദേശാടനക്കിളി പോയോ" അമ്മയാണ്..ഇതെന്തു പറ്റി..പതിവില്ലല്ലോ..
"നിന്നു മോങ്ങുന്നത് കണ്ടില്ലേ..അശ്രീകരം..അവള്‍ടെ തള്ള ചത്തുന്നാ തോന്നണേ"
"ദൈവമേ ഇതും എന്‍റെ വയറ്റില്‍ ഉണ്ടായതാണല്ലോ"
മുത്തശ്ശിക്ക് കലി തീര്‍ന്നിട്ടില്ല..

ഓര്‍മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്..എല്ലാവരും കുഞ്ഞമ്മയിയെ കുറ്റപ്പെടുത്തുന്നത്...
കാര്യങ്ങള്‍ ഒരു വിധം മനസ്സിലാക്കാറയപ്പോള്‍ മുതല്‍ കുഞ്ഞമ്മായി മനസ്സിലൊരു നീറ്റലായി മാറി..
പാവം..എന്തിങ്ങനെ കരഞ്ഞതീര്‍ക്കാന്‍ ഒരു ജന്മം..
തറവാട്ടിലെ ഒരേ ഒരു മോള്‍.അഞ്ചു ആങ്ങള മാര്‍ക്ക് അനിയത്തി..മുത്തശ്ശന് പ്രിയപ്പെട്ടവള്‍ ..
തറവാടിന്റെഐശ്വര്യം..
പത്താം ക്ലാസ്സ്‌ ജയിച്ചപ്പോള്‍ മുത്തശ്ശന്‍ പറഞ്ഞു..മതി ഇനി പഠിയ്ക്കാന്‍ പോണ്ടാ..
വീട്ടിലിരുന്നു എന്തെങ്കിലും പഠിച്ചോട്ടെ ..കുഞ്ഞമ്മായി കുറെ ശാട്യം പിടിച്ചു നോക്കി..കരഞ്ഞു നോക്കി..
മോള്‍ക്ക്‌ നിര്‍ബന്ധ മാനെന്കില്‍ വീട്ടിലിരുന്നു വല്ല നൃത്തമോ പാട്ടോ ഒക്കെ പഠിച്ചോളൂ....
മുത്തശ്ശി യും കുറെ പറഞ്ഞു നോക്കി..മുത്തശ്ശന്‍ വഴങ്ങിയില്ല...
കെട്ടിച്ചു വിടണ്ട പെണ്ണാ ..ഇപ്പോള്‍ തന്നെ ആളുകള്‍ അന്വേഷിച്ചു വരുന്നുണ്ട്..
ഇനി വലിയ പഠിപ്പൊക്കെ പഠിച്ചു വല്ല പേര് ദോഷം
ഉണ്ടാകണം അല്ലെ .. പിന്നെ ആരും ഒന്നും മിണ്ടിയില്ല..
കുഞ്ഞമ്മായി നന്നായി പാടുമായിരുന്നു.
പാട്ട് പഠിപ്പിക്കാന്‍ അച്ഛനാണ് മാഷേ കൊണ്ട് വന്നത്..അച്ഛന്റെ ഒരു പരിചയക്കാരന്‍..
ശ്രുതിയും നാദവും പോലെ മാഷും കുഞ്ഞമ്മായിയും..സംഗീതത്തിന്റെ ലോകത്തായിരുന്നു..
അമ്മയും ചെറിയമ്മമാരും പരസ്പ്പരം കുശു കുശുക്കാന്‍ തുടങ്ങി..
" മാഷേ എത്രെയും പെട്ടെന്ന് പറഞ്ഞയക്കുന്നതാ നല്ലത് "
അമ്മ അച്ഛനോട് പറഞ്ഞു.."ആല്ലെങ്കില്‍ പുന്നാര അനിയത്തി വല്ല എനക്കെടും കാണിക്കും.."
"പിന്നെ ഞങടെ മേക്കെട്ടു കേറിയിട്ട് കാര്യമില്ല..കുറെ നാളായി ചിലതൊക്കെ കാണുന്നു.."
വിഷയം മുത്തശ്ശന്റെ കാതില്‍ എത്തിയതോടെ സംഗീത പഠനം നിന്നു..
തോരാ കണ്ണീരായി മാറിയ കുഞ്ഞമ്മായിയെ ആരും ഗൌനിച്ചില്ല..മുത്തശ്ശി പോലും..

കല്യാണാ ലോചനകള്‍ മുറയ്ക്ക് വന്നു..ഒന്നിനും കുഞ്ഞമ്മായി സമ്മതിച്ചില്ല..
അമ്മ അച്ഛനോട് അടക്കം പറഞ്ഞു..'അവള്‍ക്കു ചതി പറ്റി എന്നാ തോന്നണേ.."
ഇന്നലെ അവലോരുപാട് ചര്ധിച്ചു..ഇനിയിപ്പോ എന്താ ചെയ്യാ..
എല്ലാവരോടുമായി മുത്തശ്ശന്‍ പറഞ്ഞു..
അടുത്തെ ആഴ്ച അവള്‍ടെ കല്യാണം ഞാന്‍ തീരുമാനിച്ചു..
ഇത് നടന്നില്ലെങ്കില്‍ എന്നെ വല്ല മരത്തിന്‍റെ കൊമ്പത്തും നോക്കിയാ മതി നിങ്ങള്..
വീട്ടില്‍ എല്ലാവരും മുഖത്തോടു മുഖം നോക്കാന്‍ തുടങ്ങി..
ഞാന്‍ അക്കരെ വരെ പോകാണ്..അവന്‍ സമ്മതിക്കാതിരിക്കില്ല..
സംസാരിക്കാന്‍ വയ്യ എന്നല്ലേയുള്ളൂ.
വേറെ എന്താ അവനൊരു കുറവ്..പിന്നെ അന്യനോന്നുമാല്ലല്ലോ..
പെങ്ങടെ മോനല്ലേ..അവളെ അവന്‍ പൊന്നുപോലെ നോക്കും
" പൊട്ടന് കെട്ടിച്ചു കൊടുക്കാനോ..എന്‍റെ കുട്ടിയെ..
അതിലും ഭേദം എന്നെയും എന്‍റെ മോളെയും അങ്ങ് കൊന്നേക്കൂ .."
മുത്തശ്ശി അലമുറയിട്ടു കരയാന്‍ തുടങ്ങി..
മുത്തശ്ശന്‍ കേട്ട ഭാവം നടിച്ചില്ല..
അറവു മാടിന്റെസമ്മതം അറവു കാരന് വേണ്ടല്ലോ..
വലിയ ആര്‍ഭാട മൊന്നുമില്ലാതെ കല്യാണം നടന്നു..

മാമന്‍ കുഞ്ഞമ്മായിയെ ജീവന് തുല്യം സ്നേഹിച്ചപ്പോഴും അമ്മായി കണ്ടതായിപ്പോലും നടിച്ചില്ല..
തന്‍റെ തമ്പുരുവിനെ തലോടി സംഗീതത്തിന്റെ ഓര്‍മകളുമായി അടച്ചിട്ട മുറിയില്‍ നിന്നും പുറത്തുകടക്കാതെ..പൊരുത്തക്കേടിന്റെ മൌനവുമായി അമ്മാമയും..
കൈ വിരലുകളില്‍ കണക്കു കൂട്ടിയവരെല്ലാം മൂക്കത്ത്‌ വിരല്‍ വെച്ചു.
അമ്മായി പ്രസവിച്ചത് മാസം തികയാതെ..ഒരു പെണ്‍കുട്ടിയെ..
അമ്മാമക്ക് മാത്രം കണക്കു കിട്ടിയില്ല .. ആറാം വിരല്‍ കൂട്ടി എണ്ണിയിട്ടും എണ്ണം പിഴച്ചു...
മോളെ കൊഞ്ഞിച്ചും ..കളിപ്പിച്ചും നടന്ന ദിവസങ്ങളില്‍ ഒന്നില്‍ അവള്‍ക്കു ദീനം പിടിച്ചു...
വസൂരിയാനെന്നാ തോന്നണേ.. ആരും അതിന്‍റെ അടുത്തേക്ക് പോണ്ടാ..പിഴച്ച ജന്മമല്ലേ...
അമ്മയും ഇളയമ്മമാരും വിലക്കി... അമ്മാമ മാത്രം അവളോടൊപ്പം ഉണ്ടും ഉറങ്ങിയും..
അമ്മാമയുടെ നെഞ്ഞില്‍ രാത്രയില്‍ ഉറങ്ങിക്കിടന്ന അവള്‍ ഉണര്‍ന്നില്ല..
അമ്മാമ തന്നെ പറമ്പിന്റെ തെക്കേ മൂലയില്‍
കുഴി കുത്തി അവളെ മറവു ചെയ്യ്തു... ...
തോര്‍ത്തുമെടുത്തു കുളിക്കാന്‍ കുളക്കടവിലേക്ക്
നടന്നു...കുളിച്ചു കയറി..പിന്നെ തിരിഞ്ഞു നോക്കിയില്ല...
ഇപ്പോഴും..അവസാനിക്കാത്ത നടത്തം..
വാതില്‍ പാളി മെല്ലെ തുറന്നു എല്ലാം നോക്കി കുഞ്ഞമ്മായി നിന്നു ..
ശിലയെപ്പോലെ..

അമ്പലപ്പരമ്പിലെ ആല്ത്തറയില്‍ നിങ്ങടെ സന്യാസി മാമന്‍ മരിച്ചു കിടക്കുന്നു...
കാലത്ത് തൊഴാന്‍ പോയവരാണ് പറഞ്ഞത്..
നേരെ അങ്ങോട്ടോടി...
ആല്ത്തറയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു ..ഉറങ്ങുകയാനെന്നെ തോന്നൂ...
ശാന്തമായ ഭാവം..
കൈയ്യില്‍ ജപമാല മുറുക്കിപ്പിടിച്ചിരിക്കുന്നു..
തള്ള വിരലിലെ ആറാം വിരല്‍ നീണ്ടു നിവര്‍ന്നു
ഒരു ചോദ്യ ചിന്ഹം പോലെ എഴുന്നേറ്റു നിന്നു.... "ഗോപി വെട്ടിക്കാട്ട്....

Friday, 25 June 2010

സഖാവ്‌ ...കഥമഴയ്ക്ക് ശക്തി കൂടി വരികയാണ്..
മഴയൊന്നു തോര്‍ന്നിരുന്നുവെങ്കില്‍ ..
അയാള്‍ കടത്തിണ്ണയിലേക്ക് ഒന്ന് കൂടി ചേര്‍ന്ന് നിന്നു.നേരം വളരെവൈകിയിരിക്കുന്നു..
ബസ്സുകളുടെ ഓട്ടം ഏതാണ്ട് നിലച്ച മട്ടാണ്..
"ഇന്നിനി അങ്ങോട്ട്‌ ബസ്സ്‌ കിട്ടുമെന്ന് തോന്നുന്നില്ല" ..
കടക്കാരന്‍ നിരപ്പലക അടുക്കി വെക്കുന്നതിനിടയില്‍ പറഞ്ഞത് അയാള്‍ കേട്ടില്ലെന്നു നടിച്ചു ..
പ്രതീക്ഷ കൈവിടാതെ അവിടെത്തന്നെ നിന്നു..അയാള്‍ക്ക്‌ തല കറങ്ങുന്നത് പോലെയും തൊണ്ട വരളുന്നത്‌പോലെയും തോന്നി.."ഒരു സോഡാ കിട്ടുമോ' കടക്കാരന്‍ അയാളെ ഒന്ന് തറപ്പിച്ചു നോക്കി..
പാതിരാ നേരത്ത് കൊടും മഴ പെയ്യുമ്പോള്‍ സോഡാ ചോദിക്കാന്‍ എന്ന ഭാവത്തില്‍..
ഒറ്റ ഇറക്കിന് അത് മുഴുവന്‍ കുടിച്ചു തീര്‍ത്തു അയാള്‍ ഒന്ന് ആശ്വസിച്ചു..

ഒഴിവാക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തത് കൊണ്ട് മാത്രമാണ് ഇന്ന് യോഗത്തിന് പോയത്..
ഇനി ഒരിക്കലും ഇങ്ങനെ ഒരു യോഗത്തിന് പോകാന്‍ പറ്റിയില്ലെങ്കിലോ..സഖാവ് പോകണം ..പറയാനുള്ളത്പറയാന്‍ ഇനി സഖാവിനു വേദി കിട്ടിയെന്നു വരില്ല..അവളാണ് പറഞ്ഞത് ..
നീയിങ്ങനെ കിടക്കുമ്പോള്‍.. ഞാന്‍ പോകുന്നില്ല അവര്‍ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ ..എനിക്കൊന്നുംപറയാനില്ല..എല്ലാം അവര്‍ തീരുമാനിച്ചു കഴിഞ്ഞതല്ലേ..ഇതിപ്പോള്‍ വെറും ഔപചാരികം മാത്രമാണ്..

എനിക്ക് കൂടുതല്‍ ഒന്നുമില്ല....ഇത് എന്നുമുള്ളതല്ലേ..പിന്നെ മഴയും തണുപ്പ്മായത് കൊണ്ട് ആവും ..
അവള്‍ ശ്വാസം വലിക്കാന്‍ നന്നേ വിഷമിച്ചു..വലിവ് കൂടി കൂടി വന്നു..വാക്കുകള്‍ ഇടയ്ക്കിടെ മുറിഞ്ഞുകൊണ്ടിരുന്നു..അയാള്‍ പുറം തിരുമ്മി കൊടുത്തു..
നമുക്ക് ആശുപത്ര്യില്‍ പോകാം ..ഇനിയും വെച്ച് നീട്ടണ്ടാ. രാത്രി കൂടിയാലോ..
വേണ്ടാ ആശുപത്രിയില്‍ നാളെയും പോകാം..
പേടിക്കണ്ടാ തരിച്ചു വരുവോളം എനിക്കുന്നും സംഭവിക്കില്ല ..
സഖാവിനു ഓര്‍മ്മയുണ്ടോ നമ്മുടെ കല്യാണം കഴിഞ്ഞു മൂന്നാം നാളത്തെ രാത്രി ...
രാത്രി ആരൊക്കെയോ വന്നു വിളിച്ചപ്പോള്‍
ഞാന്‍ പോകണ്ടാ എന്ന് ശാട്യംപിടിച്ചതും , എന്നെ കവിളത്തടിച്ചിട്ടു ഇറങ്ങിപ്പോയതും ..
അവള്‍ കവിള്‍ മെല്ലെയൊന്നു തലോടി ..ഇപ്പോഴും വേദനിക്കുന്നുന്ടെന്ന പോലെ..
പിന്നൊരിക്കല്‍ പോലീസുകാര്‍ മുറ്റത്തിട്ടു അടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുമ്പൊള്‍ അലറിക്കരഞ്ഞ എന്നെനോക്കി പടിപ്പുര കടക്കുമ്പോള്‍ ചിരിച്ച്‌ കൊണ്ട് യാത്ര പറഞ്ഞത് ..മറന്നോ ഇതൊക്കെ.. ആളാണോ ഇപ്പോള്‍ഇങ്ങനെ തളരുന്നത് ..
അരുത്, നമ്മുടെ ശരീരത്തിനെ പ്രായമായിട്ടുള്ളൂ ..ആധര്‍ശ്ങ്ങള്‍ക്ക് ,വിശ്വാസങ്ങള്‍ക്ക് ,ചങൂറ്റത്തിനു ഇപ്പോഴുംചെറുപ്പമല്ലേ..ധൈര്യമായി പോയിട്ട് വരൂ..അവര്‍ക്ക് സഖാവിനെ ഒന്നും ചെയ്യാനാവില്ല..അവര്‍ക്കറിയില്ല അവര്‍പുറത്താക്കുന്നത് സഖാവിനെയല്ല ..അവരെത്തന്നെയാണ്..
അധികം സംസാരിക്കണ്ടാ..അനങ്ങാതെ കിടന്നോളൂ..ഞാന്‍ വേഗം വരാം..

ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അങ്ങകലെ യൊരു പ്രകാശം ..
അയാള്‍ കോരിച്ചൊരിയുന്ന മഴയില്‍ റോഡിനു നടുക്ക് കയറി നിന്നു..
കൈകള്‍ വീശി..ഒരു വണ്ടി അയാളുടെ അടുത്ത്‌ വന്നു മുട്ടി മുട്ടിയില്ലെന്ന പോലെ നിന്നു..
"ചാകാന്‍ എന്‍റെ വണ്ടി മാത്രമേ കണ്ടുല്ലോ "വണ്ടിക്കാരന്‍ ചീത്ത വിളിച്ചു കൊണ്ട് പുറത്തിറങ്ങി ..
അയ്യോ ആരാ ഇത് സഖാവോ..സഖാവിനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചപ്പോള്‍
നേരത്തെ ഇറങ്ങി എന്ന് പറഞ്ഞു .. നേരമായിട്ടും കാണാതായപ്പോള്‍ ഞങ്ങള്‍
അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയാണ്..കൂടുതലാണ്

അയാള്‍ ഒന്നും പറയാതെ വണ്ടിയില്‍ കയറി ..
പിന്‍ സീറ്റില്‍ അവള്‍ക്കു അടുത്തിരുന്നു ..നേരിയൊരു ചലനം ഇപ്പോഴും ബാക്കിയുണ്ട്..
ശ്വാസം വലിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നു..അവള്‍ കണ്ണ് തുറന്നു അയാളെ നോക്കി ..
ചുണ്ടുകള്‍ വിതുമ്പി ..എന്തൊക്കെയോ പറയാന്‍ ബാക്കിയുന്ടെന്ന പോലെ..
ചുരുട്ടിയ മുഷ്ട്ടി മെല്ലെ ഉയര്‍ത്തി ..അയാളെ അഭിവാദനം ചെയ്യുന്നപോലെ..

വണ്ടി ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരുന്നു..
അയാളുടെ ഓര്‍മ്മകള്‍ അതെ വേഗത്തില്‍ പിറകിലെക്കും...


ഗോപി വെട്ടിക്കാട്ട് .

Thursday, 24 June 2010

സൈക്കിള്‍...മിനിക്കഥ


"വേഗം നടക്കു അല്ലെങ്കില്‍ ഇന്ന് ഡോക്ടറെ കാണാന്‍ പറ്റില്ല.."
അയാള്‍ കുട്ടിയുടെ കൈ പിടിച്ചു വലിച്ചു..
അയാള്‍ക്കറിയാം അവന്‍റെ കണ്ണുകള്‍ കടയില്‍ നിര നിരയായ്‌ ഇരിക്കുന്ന
കുഞ്ഞു സൈക്കിളുകളില്‍ ആണെന്ന്..
മുന്‍പൊക്കെ അവനത്‌ ആവശ്യപ്പെടുമായിരുന്നു ..
അയാളപ്പോഴൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞു നീട്ടും..
ഈയിടെയായി അവന്‍ ചോദിക്കാറില്ല..അവനും മടുത്തു കാണും...

ഡോക്ടറുടെ വാക്കുകള്‍ വെള്ളിടി പോലെ കാതില്‍ മുഴങ്ങി...
മരുന്നുകള്‍ക്കൊന്നും ഫലമില്ലാതാവുന്നു....
ഇതിനുള്ള മരുന്നുകള്‍ വിദേശത്തുനിന്നും വരുത്തണം..
ലക്ഷങ്ങള്‍ വേണ്ടി വരും..എന്നാലും പരീക്ഷിക്കാമെന്നു മാത്രം..
നിങ്ങളെക്കൊണ്ട് അതിനോക്കെയാകുമോ..

തിരിച്ചു പോരുമ്പോള്‍ അയാള്‍ ആ‍ കടയുടെ മുന്നില്‍ ഒരു നിമിഷം നിന്നു ..
"മോനെ നിനക്കേത് സൈക്കിളാ ഇഷ്ടായെ.."
അവന്‍റെ കണ്ണുകള്‍ തിളങ്ങി...
അവനതു വിശ്വസിക്കാനായില്ല ..
തെല്ലൊരു സംശയത്തോടെ അവന്‍ അച്ഛന്‍റെ മുഖത്തേക്കു നോക്കി ...
ആ‍ കണ്ണുകള്‍ നിറഞ്ഞോഴുകുകയായിരുന്നു .
....

ഗോപി വെട്ടിക്കാട്ട്

അറബിയുടെ പൈനാപ്പിള്‍ ...കഥ


ഒരു അത്യാവശ്യ കാര്യത്തിന് സ്പോണ്‍സര്‍ ആയ അറബിയെ കാണാന്‍
അയാളുടെ വീട്ടിലേക്കു പോയതാണ്..
ഇടക്കൊക്കെ ആ‍ വീട്ടില്‍ പോകാറുള്ളത് കൊണ്ട് അവിടത്തെ
ജോലിക്കരെയൊക്കെ നല്ല പരിചയം .
എല്ലാവരും മലയാളികള്‍ .അറബി വീടിന്‍റെ പിന്‍വശത്തുള്ള
തോട്ടത്തില്‍ ഉണ്ട് എന്നറിഞ്ഞ് അങ്ങോട്ട്‌ ചെന്നു..
ഒരു ഒപ്പിട്ടു കിട്ടേണ്ട കാര്യമേയുള്ളൂ.

കണ്ടപാടെ സലാം പറഞ്ഞു..
ആളാകെ ചൂടായി നില്‍ക്കയാണ്‌ ..ജോലിക്കാരെ പുളിച്ച ചീത്ത വിളിക്കുന്നുണ്ട് ..
അവര്‍ രണ്ടു പേരുണ്ട് ..വലിയൊരു കുഴിയും കുഴിച്ച്.. കൈക്കോട്ടും പിടിച്ചു നില്‍ക്കുന്ന് ..
ഒരു ഉണങ്ങിയ പൈനാപ്പിളിന്റെ തല വാങ്ങിയിട്ടിട്ടുണ്ട്...
അവരോടു പതുക്കെ ചോദിച്ചു ..ആള് നല്ല ചൂടിലാണല്ലോ...
ഒന്നും പറയണ്ടാ.. ഒക്കെ ഇങ്ങലെക്കൊണ്ട് ഉണ്ടായതാ..
എന്ത് പറ്റി..

കഴിഞ്ഞ തവണ ങ്ങള് കൊണ്ട് വന്ന പൈനാപ്പിളിന്റെ തല
കുഴിച്ചിടാന്‍പറഞ്ഞിട്ട് അന്ന് കുഴിച്ചിട്ടു...
എന്നിട്ട് ..
എന്നിട്ടെന്താ. ഇപ്പൊ ഒനത് പറിക്കണം...
ഞങ്ങള് ആവുന്നത്ര പറഞ്ഞു നോക്കി..പൈനാപ്പില് ഉണ്ടാവനത് മുകളിലാണെന്ന്..
ഈ പിരാന്തന് പറഞ്ഞാല്‍ മനസ്സിലാവണ്ടേ ..
ഞങ്ങളെ പഠിപ്പിക്കാന്‍ നിക്കാണ്..
ഓന്‍ പരേണത് ഇല മുകളില്‍ ആണെങ്കില്‍ കായ അടീലല്ലേന്ന് ...
മണ്ണില്‍ തന്നെയാ ഉണ്ടാവാന്നു മൂപ്പര് ...
വല്ലതും പറയാന്‍ പറ്റോ ..അറബി ആയിപ്പോയില്ലേ...
കൈക്കോട്ടു കൊള്ളാ തിരിക്കാനാ ഇത്രേം വല്യ കുഴി കുഴിച്ചത് ..
ഇങ്ങള് തന്നെ ഒന്ന് മറഞ്ഞു മനസ്സിലാക്കി ക്കൊടുക്ക് ....

കുടുങ്ങിയല്ലോ ..
ഇയാളെ ഇപ്പൊ എങ്ങനെ പറഞ്ഞുമനസ്സിലാക്കും...
അങ്ങോട്ട്‌ എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ അറബി പറയാന്‍ തുടങ്ങി..
ഈ കള്ള ഹിമാരിങ്ങള് ..
ശരിക്ക് വെള്ളം ഒഴിക്കാത്തത് കൊണ്ടാ ..
പൈനാപ്പില് ചെടി ഒണങ്ങി പോയത് ...
അല്ലെങ്കില്‍ ഇപ്പൊ കായ ഉണ്ടാവണ്ടാതാ...
അടുത്ത തവണ നീ വരുമ്പോ ..രണ്ടെണ്ണം കൂടുതല്‍ കൊണ്ട് വാ...
ശരിയെന്നു തലയാട്ടി ഒപ്പിടീച്ചു പോന്നു..


ഗോപി വെട്ടിക്കാട്ട്

സ്വര്‍ണപ്പല്ല്...മിനിക്കഥ


ഗള്‍ഫിലെ തുക്കടാ ബിസിനസ്സൊക്കെ നിര്‍ത്തി നാട്ടില്‍സ്ഥിരതാമാസമാക്കിയപ്പോഴാണ് നാട്ടുകാര്‍ക്ക് വേലപ്പന്‍, വേലപ്പന്‍മുതലാളിയായത് ..

കവലയില്‍ കാണുന്നവരോടൊക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന വേലപ്പന്‍ മുതലാളിയുടെ
സ്വര്‍ണപ്പല്ല് തിളങ്ങി ..അസൂയക്കാര്‍ പറഞ്ഞു ..അത് സ്വര്‍ണം പൂശിയതാവും..
ചിലര്‍ക്കൊക്കെ മുതലാളി പല്ല് കൈയ്യില്‍ എടുത്ത്‌ കൊടുത്തു ..
കൈയ്യില്‍ തൂക്കി നോക്കിയവര്‍ വിധി എഴുതി ..
തനി തങ്കം തന്നെ..പൊട്ടി ചിരിച്ചു മുതലാളി പറഞ്ഞു .."മൂന്ന് പവനാടോ "

ഇന്നലെ പതിവ് പോലെ ചിരിച്ചു വര്‍ത്തമാനം പറയുന്നതിനിടയില്‍
"അയ്യോ എന്‍റെ പല്ല് കാണുന്നില്ല "എന്ന് പറയുക മാത്രമല്ല ..മുതലാളി കുഴഞ്ഞു വീണു...
പോസ്റ്റ്‌ മോര്‍ട്ടം ചിയ്ത ഡോക്ട്രാണ്‌ ശ്വാസ നാളിയില്‍ അടഞ്ഞ പല്ല് കണ്ടെടുത്തത് ...

കാണാതായ സ്വര്‍ണപ്പല്ലിന്റെ സ്ഥാനത്തെ ഓട്ട വികൃതമായിട്ടും
വേലപ്പന്‍ മുതലാളി ചിരിച്ചു തന്നെ കിടന്നു...


ഗോപി വെട്ടിക്കാട്ട്

ശാര്‍ദ്ധം ..മിനിക്കഥഅച്ഛനെ
മനസ്സില്‍ ധ്യാനിച്ച് വെള്ളംകൊടുത്തു എഴുന്നെറ്റൊളൂ..
കുറച്ചു മാറിനിന്നു കൈ തട്ടണം ..
കാക്കകള്‍ മരക്കൊമ്പില്‍ ഇരുന്നു ശബ്ദംഉണ്ടാക്കുന്നതല്ലാതെ ഒരെണ്ണം ബലി ചോറ്കൊത്തിയില്ല..

എന്തായിത് ..
ഇനി അച്ഛന് ഇഷ്ട്ടായില്ലന്നുണ്ടോ ..
വൃദ്ധ സദനത്തിലാണെങ്കിലും ഒന്നിനും ഞാന്‍ ഒരു കുറവും വരുത്തിയില്ലല്ലോ ..
ഇപ്പൊ എന്തെല്ലാം തിരക്കുകള്‍ മാറ്റിവെച്ചാണ് അമേരിക്കയില്‍ നിന്നും
ശാര്‍ദ്ധം ഊട്ടാന്‍ വേണ്ടി മാത്രമായി വന്നത് ..എന്നിട്ടും ...
അയാള്‍ പിറു പിറുത്തു..

"ഡാടി, ഡാടിയും ക്രോ ആകുമോ ..
മകന്‍റെ ചോദ്യം അയാള്‍ കേട്ടില്ലെന്നു നടിച്ചു.....


ഗോപി വെട്ടിക്കാട്ട്

കാല ഭേദങ്ങള്‍ ..മിനിക്കഥ


തമ്പ്രാ ..എന്നോട് പൊറുക്കണം ..
കോലായില്‍ ഇരുന്ന് അടിയന്‍ കുറെ കഞ്ഞി കുടിച്ചിട്ടുണ്ട്..
ഇവിടത്തെ ഉപ്പും ചോറുമാണ്‌ തടി..മറന്നിട്ടില്ല ..
അതിനെന്താടാ ..ഇല്ലം ആര്‍ക്കായാലും കൊടുക്കണം..
ബാങ്ക് ലേലം ചൈയ്യുന്നതിലും നല്ലതല്ലേ....
ഇതിപ്പോ നിനക്കാണെന്ന സമാധാനമെങ്കിലും ഉണ്ട്..
അല്ല തമ്പ്രാ ..വില്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ മോന് ഒരേ വാശി ..
അവനു തന്നെ വേണം എന്ന്..
അതൊന്നും സാരല്യ ..നീയായാ കാശിങ്ങു താ ..എന്നാച്ചാല്‍ ഞാന്‍ തീരു തരാം .
സാധനങളൊക്കെ ഞാന്‍ എത്രെയും പെട്ടെന്ന് മാറ്റാം..
അടിയന്‌ ഒരു കാര്യം പറയാനുണ്ട് ..
"പറഞ്ഞോ"
തമ്പ്രാന്‍ ഇരിക്കണ ആ‍ കസേര അടിയന്‌ വേണം ..
അതിന്‍റെ വിലയെന്താന്നു വെച്ചാല്‍ അടിയന്‍ തന്നോളാം..
മോന് വല്യ നിര്‍ബന്ധം ..ഗോപി വെട്ടിക്കാട്ട്

കഷ്ടകാലം..മിനിക്കഥ"ഇനി വണ്ടി ഓടിക്കണ്ടാ"
ഞാന്‍ ഇന്നലെ പണിക്കരേ കൊണ്ട് ജാതകം നോക്കിച്ചു ..
കഷ്ടകാലം ആണെന്ന പറയണേ..മോട്ടോര്‍ വാഹനം തൊടാന്‍ പാടില്ലെന്ന് ..
രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകുമ്പൊള്‍ ബൈക്ക് ചെറുതായൊന്നു മറിഞ്ഞു..
ഒന്നും പറ്റിയില്ലെങ്കിലും അവള്‍ ആകെ പേടിച്ചു..
അനങ്ങിയാല്‍ പണിക്കരേ കാണുന്നത് അവള്‍ക്കൊരു ശീലമായതിനാല്‍ ഒരു ചിരിയിലൊതുക്കി..
നിനക്കതു പറയാം..ഓഫീസിലേക്ക് പിന്നെ നടന്നു പോകാന്‍ പറ്റോ ..
ഓഫീസില്‍ എത്തി പത്തു മിനിട്ട് കഴിഞ്ഞില്ല..
അവളുടെ ഫോണ്‍ ..
"നമ്മുടെ പണിക്കരേ ബസ്സ്‌ തട്ടി..ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനു മുന്‍പേ മരിച്ചു.."
ഇന്ന് ലീവ്‌ എടുക്കൂ ..നമുക്കവിടെ വരെ പോണം..
പെട്ടെന്ന് വിശ്വസിക്കാനായില്ല...
ആദ്യത്തെ ഞെട്ടലില്‍ നിന്നും വിമുക്തനായപ്പോള്‍ മനസ്സ് മന്ത്രിച്ചു...
പാവം അയാള്‍ടെ കഷ്ടകാലം..


ഗോപി വെട്ടിക്കാട്ട്

ചിലന്തി വല ...മിനിക്കഥചാനലില്‍ ആസിയാന്‍ കരാറിനെക്കുറിച്ച് ചൂടുള്ള ചര്‍ച്ച ..
കരാറു കൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് കിട്ടാന്‍ പോകുന്ന ഗുണങ്ങളെ പറ്റി
വാചാലരാവുന്ന കദര്‍ ധാരികള്‍..

പെട്ടെന്ന് എന്തോ ശബ്ദം കേട്ടാണ്‌ ഉത്തരത്തിലേക്കു നോക്കിയത് ...
വലിയൊരു ചിലന്തി വല ..
അതില്‍ ഒരു തുമ്പി കുടുങ്ങിയിരിക്കുന്നു ..
അതിന്‍റെ തല ചിലന്തിയുടെ വായക്കകത്താണ് ...
തുമ്പി ചിറകിട്ടടിക്കുകയാണ്....

ചാനലില്‍ അപ്പോഴും എതിര്‍ വാദങ്ങളെ ശക്തിയുക്തം
എതിര്‍ക്കുന്ന കദര്‍ ധാരികള്‍ ..അരങ്ങു തകര്‍ക്കുന്നു...


ഗോപി വെട്ടിക്കാട്ട്

Wednesday, 23 June 2010

"ഒരിക്കല്‍ ഉണ്ടായിരുന്നു..."കഥ.

ഓഫീസില്‍ പുതുതായി ജോലിക്ക് വന്ന ഒപ്പേറെഷന്‍ മാനേജര്‍ ജിബി ജോര്‍ജിന്റെ വാചകമടി സഹിക്കാവുന്നതിലപ്പുരമായിരുന്നു..
മുപ്പതു പോലും തികയാത്ത അയാളുടെ വര്‍ണ്ണന കേട്ടാല്‍ അയാള്‍ അനുഭവിക്കാത്ത സ്ത്രീ കളില്ലെന്നും ..സ്ത്രീകളെല്ലാം അയാളുടെ പിറകെ
പരക്കം പായുകയാനെന്നും തോന്നും..താനൊരു ഹീറോ ആണെന്ന ഭാവം ..
വെറുപ്പാണ് തോന്നിയത് .അത് കൊണ്ട് തന്നെ കുറച്ചോരകലം എപ്പോഴും സൂക്ഷിച്ചു..
ജീവിത സായാന്ഹത്തിലെത്തിയ കെറുവ് മനസ്സില്‍ ഉള്ളതുകൊണ്ടാണോ എന്തോ..

ഒരിക്കല്‍ ജോലി സംബന്ധമായ ഒരു കാര്യത്തിന് ഒരുമിച്ചു പോകേണ്ടി വന്നപ്പോള്‍ പലതും സംസാരിച്ച കൂട്ടത്തില്‍ അയാളുടെ സ്വകാര്യ ജീവിതവും കടന്നു വന്നു..
അത് മുന്‍ ധാരണകളെ അപ്പാടെ മാറ്റി മറിച്ചു..അയാളുടെ വേദനകളെ മനസ്സിലെറ്റാന്‍ തുടങ്ങി..ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന ആ മനുഷ്യന്‍റെ ഉള്ളിലെ മുറിപ്പെട്ട
മനസ്സ് വല്ലാതെ എന്‍റെ മനസ്സിനെയും നോവിക്കാന്‍ തുട്ടങ്ങി..അടുക്കും തോറും .അയാള്‍ എന്‍റെ ആരൊക്കെയോ ആയി..

വെക്കേഷന് ഒരുമിച്ചു നാട്ടില്‍ പോകുമ്പൊള്‍ അവന്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു..
"ചേട്ടന്‍ എത്രയും പെട്ടെന്ന് എന്‍റെ വീട്ടില്‍ വരണം..എനിക്ക് കുറെ പറയാനുണ്ട്.."
ഞാന്‍ കടന്നു വന്ന വഴികളിലൂടെ ..അവയുടെ ഓര്‍മകളിലേക്ക് ചേട്ടനോടോത്തു ഒരു തിരിഞ്ഞു നടത്തം..
"വരില്ലേ..."
തീര്‍ച്ചയായും വരാം..
"കാടിന്‍റെ മണമറിയാന്‍.."
"കാട്ടു തേനിന്റെ രുചി അറിയാന്‍.."
"പിന്നെ നിന്റെയാകാട്ടു പെണ്ണിന്‍റെ മനസ്സറിയാന്‍ "
ഞാന്‍ വരാം..

വയനാടന്‍ ചുരത്തിലൂടെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുമ്പോള്‍ മനസ്സ് അവന്‍റെ അടുത്തെത്തിയിരുന്നു..
"യാത്ര സുഖമായിരുന്നില്ലേ "
" ഉം കുഴപ്പമൊന്നുമുണ്ടായില്ല"
"വരൂ" "ഇത്രയും ദൂരം വണ്ടി ഓടിച്ച്ചതല്ലേ.."
വിശാലമായ കൃഷി ത്തോട്ടതിനുള്ളിലെ സാമാന്യത്തില്‍ അധികം വലിപ്പമുള്ള ആഡമ്പരം വിളിച്ചോതുന്ന വീട്..
ആരെയും കാണാതായപ്പോള്‍ ചോദിച്ചു..
"ഇവിടെ ജിബിയല്ലാതെ വേറെ ആരും ഇല്ലേ.."
"അപ്പച്ചനും അമ്മച്ചിയും പെങ്ങളുടെ വീട്ടില്‍ പോയിരിക്കുന്നു ..വൈകീട്ട് വരും..
ചേട്ടന്‍ വരുന്ന വിവരം അവര്‍ക്കറിയാം.."
"ക്ഷീണം കാണുംഇനി കുളിച്ചിട്ടു ബാക്കി കാര്യം."
അവന്‍ തോര്‍ത്തും സോപ്പും കൈയ്യില്‍ തന്നിട്ട് പറഞ്ഞു...
കുളി കഴിഞ്ഞപ്പോള്‍ ഒരു സുഖം തോന്നി...
അപ്പോഴേക്കും ജോലിക്കാര്‍ ഭക്ഷണം മേശയില്‍ റെഡി ആക്കി വെച്ചിരുന്നു..
നമുക്ക് വല്ലതും കഴിച്ചിട്ടു പുറത്തിറങ്ങാം..

ജീപ്പ് ഒരു സൈഡില്‍ ഒതുക്കിയിട്ടു അവന്‍ പറഞ്ഞു ..
"ഇനി നടക്കാം അതാ നല്ലത്..."
"എനിക്കും അതാണിഷ്ടം .."
കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു ..
ആ കാണുന്നതാണ് പള്ളിയുടെ ശരണാലയം..വിവാഹം കഴിക്കാതെ അമ്മയാകുന്ന സ്ത്രീകളും .അച്ഛനില്ലാതെ ഉണ്ടായ കുട്ടികളും ആണ് അവിടെ..പള്ളിക്ക് അവിടെ സ്ഥലം കൊടുത്തത് എന്റെ അപ്പച്ചനാണ് ....
ഇവിടന്നങോട്ട്‌ എല്ലാം ഞങളുടെയാണ്...
ചേടന് അറിയാമോ ...
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു.....ഒരിക്കലും വറ്റാത്ത പുഴ ..."
കെട്ടിക്കിടക്കുന്ന ചെറിയ ചെറിയ കുഴികള്‍ ചൂണ്ടി പറഞ്ഞു...ഞങ്ങള്‍ കുട്ടികള്‍ അക്കരെക്കും ഇക്കരെക്കും നീന്താന്‍ മല്സരിക്കുമായിരുന്നു...ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥന്‍ വേലു മൂപ്പനാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്..കുറെ ആദി വാസിക്കുട്ടികളും ഉണ്ടാവും കുളിക്കാന്‍..കൂട്ടത്തില്‍ മല്ലികയും...
എന്റെയും അവളുടെയും അരയില്‍ ഓരോ കയറു കെട്ടിയിട്ടാണ് മൂപ്പന്‍ വെള്ളത്തിലിറക്കുക..
നിലയില്ലാത്ത ഇടത്തെത്തുംപോള്‍ ഞങ്ങള്‍ താണു പോകും ..അപ്പോള്‍ അവളെന്നെ കെട്ടിപ്പിടിക്കും..
ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു മുങ്ങും..അപ്പോള്‍ മൂപ്പ്പന്‍ വലിച്ചു കേറ്റും..അവളെന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം
ഞാന്‍ എന്നും ആഴങ്ങളിലേക്ക് പോകും ..പിന്നാലെ അവളും.....
മുകളില്‍ ഡാം കെട്ടിയപ്പോള്‍ ഇങ്ങോട്ട് നീരൊഴുക്ക് ഇല്ലാതായി..
".ഞങ്ങളുടെ പുഴയെ അവര്‍ കൊന്നു..".
പിന്നെ ആരൊക്കെയോ സ്ഥലം കൈയ്യേറി..പട്ടയം വാങ്ങി..അവര്‍ വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ അതെല്ലാം വാങ്ങി...
"മരിച്ചിട്ടും എന്നെ വിട്ടു പോകാത്ത പുഴ..."

മുകളിലെ റബ്ബര്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.."ശ്രദ്ധിച്ചു നടന്നോളൂ അട്ട കാലില്‍ കയറും.."
"ഇത് ഒരിക്കല്‍ കാടായിരുന്നു..."
അന്നൊന്നും ഇങ്ങോട്ട് ആരും വരില്ല..കാട്ടു പന്നിയും ആനയും എല്ലാം കാണും...ഇവിടെ നിന്നാണ് മൂപ്പന്‍ കാട്ടു തേന്‍ കൊണ്ട് വന്നു തരിക..വലിയ വലിയ മരങ്ങളില്‍ കയറി ആദിവാസികള്‍ തേന്‍ എടുക്കുന്നത് അതിശയം തന്നെയാണ്..തേനീച്ച അവരെ കാണുമ്പോള്‍ ഒഴിഞ്ഞു പോകും...അന്ന് അപ്പച്ചന് മലന്ച്ഛരക്ക് കടയുണ്ടായിരുന്നു...വലിയ മുളം കുമ്പത്തിലാക്കി മല്ലികയും തേന്‍ അവിടെ
കൊണ്ട് വന്നു വില്‍ക്കും..
"ഒരിക്കല്‍ അപ്പച്ചന്‍ കാണാതെ ഞാന്‍ അവള്‍ക്കു കുറെ രൂപ കൊടുത്ത് ..അവള്‍ കരഞ്ഞു കൊണ്ട് അത് എന്‍റെ നേരെഎറിഞ്ഞു..
മരങ്ങളെല്ലാം മുറിച്ചു മാറ്റി സര്‍ക്കാര്‍ സ്ഥലം ആധിവാസികള്‍ക്ക് പതിച്ചു കൊടുത്തു..പിന്നീടെപ്പൊഴോ പട്ടയങ്ങള്‍ അപ്പച്ചന്റെ പെട്ടിക്കുള്ളിലായി..അവരെല്ലാം പിന്നെയും ദൂരേക്ക് മാറിപ്പോയി...കൂട്ടത്തില്‍ മല്ലികയും.
"ആ മരം കണ്ടോ" അതിന്റെ താഴത്തെ ചില്ലയിലാണ് മൂപ്പന്‍ ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരിക.."
ആകാശത്തിന്റെ രണ്ടറ്റവും തൊടണമെന്നവള്‍ പറയുമ്പോള്‍ ഞാന്‍ എല്ലാ ശക്തിയും എടുത്ത്‌ അവളെ ആട്ടും..
ഞങ്ങള്‍ ആ മരത്തിനടുത്തെത്തി ..
ഈ മരത്തിലാണ് എന്‍റെ മല്ലിക ...അവന്‍ ആ മരത്തില്‍ ചാരിനിന്നു വിതുമ്പി..
"കൊന്നിട്ടും ചാകാത്ത കാടിന്‍റെ ..അവളുടെ" ഓര്‍മ്മക്കായി ഈമരം എന്‍റെ കൂടെ ഇപ്പോഴും...
"നമുക്ക് പോകാം" ഞാന്‍ പറഞ്ഞു...

അകലെ ചെറിയ കൂരകള്‍ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു..
"അവിടെ "
അവനത്‌ മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ചോദിച്ചു..

"കുറെ മനുഷ്യര്‍ ഉണ്ടായിരുന്നല്ലേ..."ഗോപി വെട്ടിക്കാട്ട്

പിറന്നാള്‍....മിനിക്കഥ


ഓര്‍മകളില്‍ ഇനിയും മരിക്കാത്ത എന്‍റെ ഉണ്ണി ..ഇന്ന് നിന്‍റെ പിറന്നാളാണ് .. ഇതാ നിനക്കായി അമ്പലത്തില്‍ നേധിച്ച പാല്‍ പായസം . പിറന്നാളിന് മതി എന്ന് പറയാന്‍ പാടില്ല ..എല്ലാം ഉണ്ണണം. "എന്തിനാണമ്മേ ഞാന്‍ ഉണ്ട ഇല കിണറ്റില്‍ ഇടുന്നത് " അതോ..അതെന്‍റെ മോന്‍ ചോറ് ഉണ്ടതല്ലേ.. പുറത്തിട്ടാല്‍ കാക്കയും മറ്റും കൊത്തി കേടാക്കില്ലേ .. അത് വെള്ളത്തില്‍ അലിഞ്ഞു ചേരട്ടെ കിണറ്റിലെക്കൊന്നും എത്തിച്ചു നോക്കല്ലെട്ടോ..

അമ്മക്ക് ഒരു ജന്മം കണ്ണീര്‍ കുടിക്കാന്‍ ഇലയോടൊപ്പം ഉണ്ണിയും....


ഗോപി വെട്ടിക്കാട്ട്

Tuesday, 22 June 2010

ചെരുപ്പ്....മിനിക്കഥ

ഇതെന്താ സഖാവേ ...
പുതിയ ചെരുപ്പ് വാങ്ങിയപ്പോള്‍
പാകത്തിനുള്ളതൊന്നു വാങ്ങാമായിരുന്നില്ലേ..
ഇത് വലിയതാണല്ലോ..
ഒന്നും പറയണ്ട ..വാങ്ങിയതൊന്നുമല്ല ..
ഇന്നലെ രാത്രി പാര്‍ട്ടി സ്റ്റഡി ക്ലാസിനു പോയതാണ്..
തിരിച്ചു പോരുമ്പോള്‍ എന്‍റെ ചെരുപ്പ് കാണാനില്ല ...
പകരം കിട്ടിയതാണ് ഇത് ..
എന്റേത് പഴയാതായിരുന്നെങ്കിലും നല്ല ഉറപ്പുള്ള അസ്സല്‍ തോലായിരുന്നു..
ഇതിപ്പോ ..കാണാന്‍ കൊള്ളാം ..


ഗോപി വെട്ടിക്കാട്ട്

നിറഭേദങ്ങള്‍.... കഥ


"നീയെന്താവരാന്‍ താമസിച്ചേ .".
രണ്ടു ദിവസം കഴിഞ്ഞു എത്താമെന്ന് പറഞ്ഞു പോയതാ.ദിവസം നാലായി...
തന്നെ കണ്ടതും അമ്മ പറഞ്ഞു ..
എന്നൊക്കൊണ്ട് ഒന്നിനും ആവില്ല..ആരെയും അവനോട്ടു അടുപ്പിക്കുന്നുമില്ല..
നീ പോയതില്‍ പിന്നെ ഒരു വക കഴിച്ചിട്ടില്ല ..ജലപാനം പോലുമില്ല..
പാവം അതിനെ ഇങ്ങനെ കഷ്ട്ടപ്പെടുത്താതെ വല്ല ആശുപത്രിയിലും ആക്കാന്‍ പറഞ്ഞാല്‍ സമ്മതിക്കില്ല..
"സാരമില്ല ..എന്നെ കാണാത്തത് കൊണ്ടാ ..."
ആശുപത്രിയില്‍ അവനെ ഉപേക്ഷിച്ചു പോരാന്‍ വയ്യ അമ്മെ..
എനിക്കവന്‍ അനിയനല്ല.. ഞാന്‍ തന്നെയാണ്...

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും അവന്‍ ചാടി എണീറ്റു.. എന്തോ പറയാന്‍ വന്നതാണ് ..
തന്നെ മനസ്സിലായത്‌ കൊണ്ടാവും അവനൊന്നും മിണ്ടിയില്ല.. തന്നെ കാണാത്തതിന്റെ പിണക്കമാനെന്നു തോന്നുന്നു..
മലവും മൂത്രവും കലര്‍ന്നു വല്ലാത്ത നാറ്റം.. അകത്തേക്ക് കടക്കാന്‍ വയ്യ ..ഒരു വിധം അകത്തു കടന്നു.. ചുവരില്‍ ബന്ധിച്ച ചങ്ങല അഴിച്ചു..
"നീയെന്താ ഒന്നും കഴിക്കഞ്ഞേ ..മരുന്നും കഴിച്ചില്ല എന്ന് അമ്മ പറഞ്ഞു.. "
അവന്‍ ഒന്നും മിണ്ടാതെ പിന്നാലെ പോന്നു...
വാ..നമുക്കൊന്ന് കുളിച്ചു ഭക്ഷണം കഴിക്കാം ..നിനക്ക് വിശക്കുന്നില്ലേ .. അവന്‍ തലയാട്ടി..

"നീയിങ്ങനെ ആയാല്‍ ഞാന്‍ എന്താ ചെയ്യ.. എനിക്ക് ജോലിക്ക് പോകണ്ടേ .."
ആ മരുന്ന് ശരിക്ക് കഴിച്ചാല്‍ എല്ലാം മാറും എന്ന് ഡോക്ടര്‍ പറഞ്ഞതല്ലേ.. ഏട്ടന്‍ ഇല്ലെങ്കിലും അമ്മ തരുമല്ലോ നിനക്ക്..
തുടര്‍ച്ചയായി കഴിച്ചാല്‍ എല്ലാം മാറവുന്നതെയുള്ളൂ.....
എനിക്കിനി ഒന്നും വേണ്ട ഏട്ടാ ...
പറ്റു മെങ്കില്‍ എന്‍റെ കാലിലെ ഈചങ്ങല ഒന്നഴിച്ചു തരൂ.ഏട്ടന്‍ പോയതില്‍ പിന്നെ ഞാന്‍ ഉറങ്ങിയിട്ടില്ല ...
അതിന്‍റെ കിലുക്കം തല പെരുപ്പിക്കുന്നു..എന്‍റെ സ്വപ്നങ്ങളെ ആട്ടിയോടിക്കുന്നു.. .

ഇന്നലെ ഞാന്‍ നമ്മുടെ വാസുവേട്ടനെ കണ്ടു.. മൂലക്കലെ രക്ത സാക്ഷി മണ്ഡപത്തില്‍ കയറി യിരിക്കുന്നു ..
എന്നിട്ടെന്നോട് ചോദിക്കുന്നു നീയല്ലേടാ എന്നെ കൊന്നത് എന്ന് ..ചേട്ടനരിയാലോ..ഞാന്‍ ആരെയും കൊന്നിട്ടില്ലെന്നു..
വാസുവേട്ടനെ ഞാന്‍ സമരത്തിനു വിളിച്ചു കൊണ്ട് പോയി എന്നത് നേരാണ് ..ഞങ്ങള്‍ ധര്‍ണയില്‍ പുറകിലായിരുന്നു...വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണാവോ മുന്നിലെത്തിയത്..വാസുവേട്ടന്‍ ചോദിക്കുവാ ..ഇപ്പൊ എന്തായടാ നിങ്ങടെ സ്വാശ്രയ സമരം എന്ന്‌..ഞാന്‍ എന്താ പറയാ..ഒന്നും മിണ്ടിയില്ല ..അപ്പൊ ചോദിക്കാന് ..നീയൊക്കെ പഠിച്ചത് ലക്ഷങ്ങള് കോഴ കൊടുത്തു പള്ളിക്കാരുടെ എന്ജ്ജിനീരിംഗ് കോളേജില്‍ അല്ലെടാന്നു..
അപ്പൊ ഞാന്‍ പറഞ്ഞു .എന്‍റെ ഏട്ടന്‍ കാശ് കൊടുത്തിട്ടാന്ന്..
വാസുവേട്ടന്‍ എന്‍റെ കഴുത്തിനു കുത്തിപ്പിടിച്ചിട്ടു ചോദിക്കുവാ ...എന്നാ എനിക്കെന്‍റെ ജീവന്‍ തിരിച്ചു താടാന്ന്..അല്ലെങ്കില്‍ ഞാനും വാസുവേട്ടന്റെ കൂടെ ചെല്ലണമത്രേ ..എനിക്ക് വാസുവേട്ടന്റെ കൂടെ പോകണം ഏട്ടാ ..ഈചങ്ങല ഒന്നഴിച്ചു തരൂ

ഏട്ടനറിയോ ഇന്നലെ രാജി വന്നിരുന്നു ..
അവളും പറയുന്നത് ..ഞാനാനവളെ കൊന്നതെന്നു ..അത് കൊണ്ട് ഞാനും അവളോടൊപ്പം ചെല്ലണമെന്ന്...

അന്ന് അസ്തമയത്തിനും ചുവപ്പായിരുന്നു..കടലും ചുവന്നിരുന്നു..
അവളുടെ കവിളും ചുവന്നു തുടുത്തിരുന്നു.. ..കടലില്‍ ആണ്ടു പോകുന്ന സൂര്യനെ നോക്കി അവളന്ന് ഏറെ സങ്കടപ്പെട്ടു ..
അവള്‍ക്കിഷ്ട്ടം ജ്വലിച്ചു നിക്കുന്ന സൂര്യനെയാണത്രെ .. പിന്നെ എപ്പോഴോ എല്ലാം കറുപ്പായി..
ഇരുട്ടില്‍ അവളെ ഞാന്‍ എവിടെയൊക്കെ തിരഞ്ഞ്ഞെന്നോ ..

ആ‍ നാല് ചെരുപ്പക്കാരില്ലേ ഞങ്ങളെ പിന്തുടര്‍ന്നവര്‍ ...അവരാണതു ചെയ്തത്...
അന്ന് ഞാനവളെ കടപ്പുറത്ത് കൊണ്ട് പോയത് അവളും കൂടി പറഞ്ഞിട്ടല്ലേ..അസ്തമയം കാണണമെന്ന് അവളാണ് വാശി പിടിച്ചത്..
ആ‍ ചെറുപ്പക്കാരെ കണ്ടപ്പോള്‍ തന്നെ തിരിച്ചു പോകാമെന്ന് ഞാന്‍ പറഞ്ഞതാണ്..അപ്പോള്‍ അവളെന്നെ ഒരു പാട് കളിയാക്കി...ഞാന്‍ പേടി തൊണ്ടനാണത്രേ.. ,
ആവരുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഞങ്ങള്‍ ആരും കാണാതെ ആ‍ പാറയുടെ മറവില്‍ ഇരുന്നത് തന്നെ.....

നിറങ്ങള്‍ എങ്ങനെയാണ് ഏട്ടാ കറുപ്പാവുന്നത്..അന്ന് ചേട്ടനും കണ്ടതല്ലേ..
അവളുടെ തുടയില്‍ കൂടി ഒഴുകിയിരുന്ന ചോരക്ക് എന്ത് ചുവപ്പായിരുന്നു...ഇപ്പോള്‍ അതെല്ലാം കറുത്തു കട്ട പിടിച്ചിരിക്കുന്നു..

ചങ്ങലകള്‍ അവള്‍ക്കു പേടിയാണത്രെ ..
ഇന്നവള്‍ വരും ..അതിനു മുന്‍പ്‌ ഒന്നഴിച്ച് തരൂ..
അവളെന്നെ വിളിച്ചതാണ് ..അങ്ങ് ചങ്ങലകള്‍ ഇല്ലാത്ത ലോക മുണ്ടത്രേ..എന്നെയും കൊണ്ട് പോകാമെന്ന്..ഏട്ടാ എനിക്ക് പോകണം ..
അസ്തമയമില്ലാതെ ജ്വലിക്കുന്ന സൂര്യനില്‍ അവളോടൊപ്പം എരിഞ്ഞടങ്ങാന്‍ ഈ ചങ്ങലകള്‍ ഒന്നഴിച്ചു തരൂ ..ഗോപി വെട്ടിക്കാട്ട്

രോമക്കുപ്പായം..മിനിക്കഥമോണിട്ടറില്‍ തെളിഞ്ഞ വീഡിയോ ചിത്രം കണ്ടു അയാള്‍ നടുങ്ങി ..
തൂക്കിയിട്ടിരിക്കുന്നൊരു ജീവി...
കൊളുത്തില്‍ അത് കിടന്നു പിടക്കുന്നു...
പഞ്ഞി പോലെ വെളുത്ത രോമമുള്ള അതിന്‍റെ തൊലി ഒരാള്‍ഉരിക്കുകയാണ് .
അത് ജീവനുള്ളതാണ് എന്ന സത്യം
അയാളെ തളര്‍ത്തി ..
വാര്‍ന്നു വീഴുന്ന ചോരയുമായ്‌ പിടക്കുന്നത്‌ കാണാന്‍ ആകാതെ അയാള്‍കണ്ണുകള്‍ മൂടി ..

കണ്ണാടിക്കുമുന്നില്‍ ഇന്നലെ വാങ്ങിയ രോമക്കുപ്പായത്തിന്റെസൌന്ദര്യം ആസ്വദിക്കുന്ന ഭാര്യയില്‍
അയാളുടെ കണ്ണുകള്‍ ഉരുകിയൊലിച്ചു.
..

ഗോപി വെട്ടിക്കാട്ട്

നാഗ മാണിക്യം...കഥ


ചെറുതും വലുതുമായ പ്രതിഷ്ഠകള്‍ .. ഇരുതല നാഗം..ചാത്തന്‍ .....രക്ഷസ്സ് ...

ഓരോന്നായി അയാള്‍ ഇളക്കിയെടുത്തു ... എല്ലാം പറുക്കി ചാക്കില്‍ കെട്ടി...കാവിന്‍റെ തറ പൊളിക്കാന്‍ തുടങ്ങി... സാമാന്യത്തിലധികം വലിപ്പമുള്ള വെട്ടുകല്ലുകള്‍..പണ്ട് പണ്ട് കാരണവന്‍മാര്‍ കെട്ടിയുണ്ടാക്കിയതാണ്.മുത്തശ്ശന്റെ കാലം വരെ പൂജയും തിരികത്തിക്കലും ഒക്കെ ഉണ്ടായിരുന്നു..പിന്നീടെപ്പോഴോ എല്ലാം നിലച്ചു..കാടും പടലും മൂടി വെളിച്ചം കാണാതെ പരദേവതകള്‍ അനാഥരായി.. തറവാട് ഭാഗം വെച്ചപ്പോള്‍ അയാള്‍ക്ക്‌ കിട്ടിയത് പാമ്പിന്‍ കാവടക്കമുള്ള ഭാഗമാണ്.. "ഏട്ടന് ജോലിസ്ഥലത്ത് വീടൊക്കെയില്ലേ എന്തായാലും ഇവിടെ വീട് വെക്കാന്‍ പോകുന്നില്ലല്ലോ പിന്നെ എട്ടനാവുംപോള്‍ അതവിടെ കിടന്നോളും..ഇത് വിറ്റിട്ടൊന്നും വേണ്ടല്ലോ.." എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനായില്ല "വിളിച്ചാല്‍ വിളിപ്പുറത്തുള്ള പരദേവതകളാണ് .. എന്‍റെ കുട്ടിക്ക് അത് കൊണ്ട് നല്ലതേ വരൂ .." പണ്ട് തറവാട്ടില്‍ ഒരു കാരണവര്‍ക്ക്‌ നാഗ മാണിക്യം കിട്ടിയിട്ടുണ്ട് ..രണ്ടു തലയുള്ള ഒരു നാഗം ഉമ്മറപ്പടിയില്‍ വെച്ചിട്ട് പോകയായിരുന്നത്രേ ..നീയാ കാവ് നേരെ ചൊവ്വേ നോക്കി പൂജയൊക്കെ നടത്തിയാല്‍ നിനക്ക് നന്നാവും..." അമ്മയും അവരോടൊപ്പം കൂടി..

എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്നതു ഒന്നിനും തികയാതെ ബാങ്ക് ലോണ്‍ പലിശയും
കൂട്ട് പലിശയുമായി പെരുകിയപ്പോഴാണ് പറമ്പ് വില്‍ക്കാന്‍ തീരുമാനിച്ചത്.. വന്നു നോക്കുന്നവരെല്ലാം ദുശ്ശകുനം പോലെ കിടക്കുന്ന കാവും പരിസരവും കണ്ടു വില പോലും പറയാതെ പോയപ്പോള്‍ ബ്രോക്കര്‍ ആണ് പറഞ്ഞത് . ".സാറ് ആ കാവോന്നു വെട്ടിതെളിയിച്ചു ആ കല്ലുകളൊക്കെ ഒന്നെടുത്തു മാറ്റ്.." "ഈ കാലത്ത് ആരെങ്കിലും ഇതിലൊക്കെ വിശ്വസിക്കോ..ഇതിങ്ങനെ കിടന്നാല്‍ അടുത്ത കാലത്തൊന്നും കച്ചവടം ആകുമെന്ന് കരുതണ്ടാ.." നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ അയാള്‍ ചാക്ക് കേട്ടെടുത്തു അടുത്തുള്ള പൊട്ട ക്കിണറ്റിലെക്കെറിഞ്ഞു . റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു കുറത്തി തത്തക്കൂടും തൂക്കിപ്പിടിച്ച് അയാളെ കാത്തു നില്‍ക്കുകയാണ്‌ . "എന്തിനാ തമ്പ്രാ പാപങ്ങളൊക്കെ തലയില്‍ എടുത്ത്‌ വെക്കണേ ..നാഗ ദൈവങ്ങള്‍ സത്യമുള്ളതാ.." അയാളൊന്നും മിണ്ടിയില്ല .. "വന്ന്‌ വന്ന്‌ മനുഷ്യര് ദൈവങ്ങളെയും വിടാതായി.." അവള്‍ ആരോടെന്നില്ലാതെ പറഞ്ഞ് തിരിഞ്ഞു നടന്നു..

വീട്ടില്‍ എത്തിയപ്പോള്‍ നേരം വല്ലാതെ ഇരുട്ടിയിരുന്നു..
"ഇതെവിടെയായിരുന്നു ഇത്രെയും നേരം..എവിടെക്കെങ്കിലും പോകുമ്പൊള്‍ ഒന്ന് പറഞ്ഞിട്ട് പോക്കൂടെ" ഞാന്‍ തറവാട് വരെ ഒന്ന് പോയി ബ്രോക്കറെ കാണാന്‍..തിരിച്ചു ബസ്സ് കിട്ടാന്‍ വൈകി.. മറ്റൊന്നും അയാള്‍ പറഞ്ഞില്ല.. "ഇന്നൊരു കാര്യം ഉണ്ടായി.. ഉം ..അയാള്‍ വെറുതെ ഒന്ന് മൂളി.. ഇത് അവള്‍ക്കു എന്നും ഉള്ളതാണ് ..പുറത്ത് പോയി വരുമ്പോള്‍ എന്തെങ്കിലും ഒക്കെ ഉണ്ടാവും പറയാന്‍.. "ദേ " നമ്മുടെ മുറ്റത്ത്‌ വലിയൊരു പാമ്പ്‌ ..നല്ല ഇനമാണ്...ഞാന്‍ ആളുകളെയെല്ലാം വിളിച്ചു വന്നപ്പോഴേക്കും അത് പോയി..നമ്മുടെ തുളസി തുളസിത്തറയില്ലേ അവിടെ ചുരുണ്ടു കിടക്കുന്നു...അതിനെ മുന്‍പും അവിടെ കണ്ടിട്ടുണ്ട് .. തറവാട്ട് കാവില്‍ ഒരു പൂജ കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..ഒന്നുമില്ലെങ്കിലും തിരുമേനിയോട് പറഞ്ഞു ഒരു നൂറും പാലും കഴിക്കാനെങ്കിലും..അതെങ്ങിനെ ഒന്നിലും വിശ്വാസമില്ലല്ലോ..അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

ഉറങ്ങാന്‍ കിടന്നിട്ടു അയാള്‍ക്ക്‌ ഉറക്കം വന്നതേയില്ല...മനസ്സ് മുഴുവന്‍ ഏതു നിമിഷവും വരാവുന്ന ജപ്തി നോട്ടീസും ..മകളുടെ അഡ്മിഷന്‍ ശരിയാവാന്‍ വേണ്ടിവരുന്ന ചിലവും മാത്രമായിരുന്നു...ആ പറമ്പോന്നു വിറ്റിരുന്നെങ്കില്‍..
എപ്പോഴോ കണ്ണോന്നടഞ്ഞു പോയി.. "തമ്പ്രാ എണീക്ക് തമ്പ്രാ " ആരോ അയാളെ കുലുക്കി വിളിക്കുന്നത്‌ പോലെ തോന്നി..തത്തക്കൂടും പിടിച്ചു നില്‍ക്കുന്നു കാലത്ത് കണ്ട കുറത്തി..കൂട്ടില്‍ അവളുടെ തത്ത കിടന്നു ചിലക്കുന്നു...തമ്പ്രാ ആ പൊട്ടക്കിണറ്റില്‍ ആരോ നിലവിളിക്കുന്നു..വാ തമ്പ്രാ ..അവള്‍ കൈ പിടിച്ചു വലിക്കയാണ് ..തമ്പ്രാനല്ലേ അവരെ കിണട്ടിലിട്ടത് .. അയാള്‍ ഓടി കിണറ്റിന്‍ കരയിലെത്തി. കിണറ്റിലിറങ്ങി പൊന്തിക്കിടക്കുന്ന ചാക്ക് കെട്ട് അഴിച്ചു നോക്കി .. നാഗങ്ങളും ..ചാത്തനും ..രക്ഷസ്സും .ചത്തു മലച്ച് ..വീര്‍ത്തു കിടക്കുന്നു...അയാള്‍ ഒരുവിധം കയറിപ്പോന്നു .. മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നൊരു സര്‍പ്പം.. അതിന്‍റെ വായില്‍ നക്ഷത്രം പോലെ തിളങ്ങുന്ന മാണിക്ക്യക്കല്ല് ..അതയാളുടെ കാലില്‍ കൂടി ഇഴഞ്ഞു കയറി..കഴുത്തില്‍ ചുറ്റി മുറുക്കി..അയാള്‍ക്ക്‌ ശ്വാസം മുട്ടിപ്പോയി ..കണ്ണ് പുറത്തേക്ക് തള്ളി..വായ തുറന്നു...സര്‍പ്പം മാണിക്ക്യക്കല്ല് അയാളുടെ വായിലേക്ക് തുപ്പി..

പാമ്പ് ..അയാളുറക്കെ അലറി വിളിച്ചു..
ഞെട്ടിയുണര്‍ന്ന ഭാര്യ നോക്കുമ്പോള്‍ അയാളിരുന്നു വിയര്‍ക്കുന്നു "എന്ത് പറ്റി" അവളയാളെ കുലുക്കി വിളിച്ചു .. അയാള്‍ അവളെത്തന്നെ തുറിച്ചു നോക്കുകയാണ് "പാമ്പ് , എന്‍റെ വായിലേക്ക് മാണിക്ക്യക്കല്ലിട്ടു..' അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു .. വായ തുറന്നു നാക്ക് അവള്‍ക്കു നേരെ നീട്ടി.. "ഞാന്‍ പറഞ്ഞാല്‍ ഒരു വിലയുമില്ലല്ലോ.." "ഇപ്പോള്‍ ബോധ്യമായില്ലേ..മനുഷ്യനായാല്‍ കുറച്ചൊക്കെ ദൈവ വിശ്വാസം വേണം.." അവള്‍ തിരിഞ്ഞു കിടന്നുറങ്ങി.. സ്വപ്നവും യാഥാര്‍ത്യവും തിരിച്ചറിയാതെ അയാളിരുന്നു വിയര്‍ത്തു...ഗോപി വെട്ടിക്കാട്ട്.

പരാന്നഭോജികളും ,,ജീവികളും.. കഥ

കാലത്ത് തന്നെ കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്നു ബൂലോകത്തെസകലമാന സാഹിത്യവും വായിച്ചു എന്നുറപ്പ് വരുത്തി
ആശാന്‍ തൊട്ടടുത്തിരുന്നു നേരെ ചൊവ്വേ ജോലി ചെയ്യുന്ന അനുമണിയോട് തിരക്കി ..
"അല്ല അനു പരാന്ന ഭോജികളും ..ജീവികളും തമ്മില്‍ എന്നതാവ്യത്യാസം "
അനു കമ്പ്യൂട്ടറില്‍ നിന്നും കന്നെടുത്തു ആശാനെ ഒന്ന് തറപ്പിച്ചു നോക്കിഇയാആള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന മട്ടില്‍ ..
അല്ലെങ്കിലും അനു മണിക്ക് ആശനോട് തെല്ലൊരു അസൂയയുണ്ട് ..
ഓഫീസില്‍ ഒരു ജോലിയും ചെയ്യാതെ ചുമ്മാ ഇരുന്നു ശമ്പളം വാങ്ങുന്നു..
ഭൂലോകത്തെ വല്യ എഴുത്തുകാരന്‍ എന്നൊരു ഭാവവും ..ആ‍ നടപ്പുംകണ്ടാല്‍ തന്നെ മണിക്ക് ചൊറിഞ്ഞു വരും
എന്നാല്‍ ഒരു വക അറിയുമോ അതുമില്ല..വല്ലവന്റെയും ആസനം താങ്ങിനടന്നു കൊള്ളും..
എപ്പോഴും കാള മൂത്രം പോലെ ഓരോന്ന് എഴുതി വിടുന്നത് കാണാം..
എന്തെങ്കിലും എഴുതിയാലോ ..സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യാനും വിടില്ല..
"അനു ഇതൊന്നു നോക്കിക്കേ.'.എങ്ങനുണ്ട് എന്‍റെ ആസ്വാദനം ..
"ഞാന്‍ അവനെ ശരിക്കും വധിച്ചിട്ടുണ്ട് " ഇനി മേലില്‍ അവന്‍ കവിത എന്നു പറയുന്നൊരു സാധനം എഴുതത്തില്ല..
അല്ല പിന്നെ "
ഒന്ന് പറയെടോ ..തനിക്കറിയാവോ ..
"അത് പിന്നെ ആശാനെ പരാന്ന ഭോജികള്‍ എന്നുവെച്ചാല്‍
വല്ലവന്റെയും ചിറിയില്‍ നിന്നു വീണു കിട്ടുന്നത് കൊണ്ട് വിശപ്പടക്കുന്നവര്‍ എന്നല്ലേ.."
'ആണോ അപ്പോള്‍ "ജീവികളോ "
'ജീവികള്‍ എന്നു പറയുമ്പോള്‍ ആരാന്‍റെ ചിലവില്‍ കഴിയുന്നവര്‍ എന്നു പറയാം ..
അതിപ്പോള്‍ അന്നം മാത്രമല്ല
ഉദാഹരണത്തിന്‌ ഒരാള്‍ ഒരു കഥയോ കവിതയോ എഴുതി എന്നു കരുതുക
'ഉം "
ആശാന്‍ എന്താ ചെയ്യുക ..ഉടനെ ഒരു ആസ്വാദനം അങ്ങ് കാച്ചും ..ഇല്ലേ
ആശാന്റെ ആളാണെങ്കില്‍ അയാളെ ഇരുത്തിയങ്ങു സുഖിപ്പിക്കും ..
മറ്റേ ടീമാനെങ്കിലോ അവനെയങ്ങു മാന്തി പൊളിക്കും ഇല്ലിയോ
"അതുവ്വ് "
അപ്പോള്‍ ആരെങ്കിലും എഴുതണം അല്ലിയോ ആശാന് എന്തെങ്കിലും കിട്ടാന്‍..
"അതുവേണം "
ഏകദേശം പരാന്ന ജീവികളുടെ ഒരു രൂപം കിട്ടിയോ ..
ഇനി "മനസ്സിലായില്ല എന്നു മാത്രം പറയരുത് "
"അത് പിന്നെ ...'
'ആശാനെ എനിക്ക് വേറെ പണിയുണ്ട് "
ആളെ മാറ്റി പിടി....
..


ഗോപി വെട്ടിക്കാട്ട്