Followers

Tuesday, 10 April 2012

നിന്നോട് പറയാന്‍...





















നിന്നോട് പറയാന്‍...
.......................................

ഒരു നോട്ടം കൊണ്ടെങ്ങിലും ....അരുതെന്നുമാത്രം നീ പറഞ്ഞില്ല .മറ്റെല്ലാം പറഞ്ഞു ..

ഇന്നിപ്പോള്‍ ഈ അസ്തമയ സൂര്യന്‍റെ മങ്ങിയ വ്ര്‍ണക്കൂട്ടില്‍ നിന്നെ ഞാന്‍ എവിടെതിരയാന്‍ ..... ...
കാണുമ്പോള്‍ പറയാന്‍ കരുതിവെച്ച ഒരു വാക്ക് തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു ,അരികില്‍ വരുമ്പോള്‍ മറക്കുകയും അകലുമ്പോള്‍ ഓര്‍ക്കുകയും ചെയ്യുന്ന അത് ഒരു മുള്ളുപോലെ തൊണ്ടയില്‍ കുത്തിനോവിക്കുന്നു ,അല്ലെങ്കില്‍ തന്നെ നിന്നോട് പറയാന്‍ എനിക്കെന്താനുള്ളത് ..എല്ലാം ഒരു തുറന്ന പുസ്തകത്തിലെ തേഞ്ഞ അക്ഷരങ്ങള്‍ പോലെ നീ എന്നോ വായിച്ചെടുത്തതല്ലേ ....നീ മാത്രം ....

ഒരിക്കല്‍ എനിക്കായി ഒരു പൂക്കാലം മുഴുവന്‍ നീ തന്നു .പകരം ഞാന്‍ നിനക്കുതന്നതോ ...
ഒരു നെരിപ്പോടായി എരിഞ്ഞുതീരനായിരുന്നുഎന്റെ നിയോഗം ,വിളക്കിനെ പ്രണയിച്ച ശലഭമായി നീയും..അഗ്നിയില്‍ വെന്തുരുകുമ്പോഴും ഒന്ന് ശപിക്കാഞ്ഞതെന്തേ...ഒരു ശിലയായ് ഞാന്‍ ശാപമോക്ഷവും കാത്ത് കിടക്കുമായിരുന്നല്ലോ .നിന്‍റെ കാലടികള്‍ എന്റെ ശിരസ്സില്‍ നൃത്തം ചവിട്ടുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ് നിന്നെ ഒന്ന് പുണരാന്‍ എത്ര ജന്മമെങ്ങിലും കാത്തുകിടന്നേനെ.....ഇന്നിപ്പോള്‍ മോക്ഷമില്ലാത്ത ആത്മാവുമായ് യുഗാന്ത്യം വരെ അലയാന്‍ വിധിച്ചു നീ .

എല്ലാം വ്യാമോഹങ്ങള്‍ ആയിരുന്നു ...നീ ഉണര്‍ന്നതുമില്ല.. ഞാന്‍ ഉറങ്ങിയതുമില്ല..

ഉപ്പിന് ഇത്രെയും സ്വാദ് ഉണ്ടെന്നു ഞാനറിഞ്ഞത് നിന്‍റെ വിയര്‍പ്പു കണങ്ങളില്‍ നിന്നായിരുന്നു .മധുരം പോലെ നുണയുമ്പോള്‍ നീ ചിരിക്കുകയായിരുന്നോ?അറിയില്ല നിന്നെ പൂര്‍ണമായി അറിയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലല്ലോ .നിന്‍റെ മനസ്സ്, ശരീരം പോലെ ഒരിക്കലും നീ തുറന്നിട്ടില്ല .തമസ്സിന്‍റെ നിഗൂഡമായ ഗര്‍ത്തങ്ങളില്‍ നീയത് ഒളിപ്പിച്ചുവെച്ചു . .എന്നിട്ടെന്നെ നിന്‍റെ ചിറകിന്നടിയില്‍ സൂക്ഷിച്ചുവെച്ചു .ഒരുനാള്‍ എന്നെയും വിട്ടെങ്ങോട്ടോ പറന്നകന്നു .

ഇന്ന് ഇരുള്‍ മൂടിതുടങ്ങുബോള്‍ നിന്നെ ഞാന്‍ എവിടെ തിരയാന്‍ ?എന്റെ കാഴ്ച മങ്ങിതുടങ്ങിയല്ലോ .നിന്റെ ശബ്ദം എനിക്ക് കേള്‍ക്കാം .നേര്‍ത്ത രോധനമായി .പണ്ട് നീയെന്നില്‍ അലിഞ്ഞു ചേരുമ്പോഴുള്ള അതേ ശബ്ദം ...ഇപ്പോള്‍ ഞാന്‍ വ്യക്തമായി കേള്‍ക്കുന്നുട് .കാഴ്ച മങ്ങും തോറും അടുത്തായി വളരെ അടുത്തായി .ഇപ്പോള്‍ നിന്നെ എനിക്ക് തൊടാവുന്ന അത്ര അടുത്ത് നിന്റെ ആ ദീര്‍ഘനിശ്വാസം ......

ഗോപി വെട്ടിക്കാട്ട്









1 comment:

  1. പ്രണയവും വിരഹവും അതിന്റെ വിഹ്വലതകളുംമനോഹരമായി വരച്ചുകട്ടിയിരിക്കുന്നു. ആശംസകള്‍.

    ReplyDelete